ലോകാസ്വാദനം

Monday, June 05, 2006

മഴയോട്

സ്കൂളുകള്‍ തുറക്കുകയായി. കുട്ടികള്‍ പഠിക്കുവാനും കൂട്ടുകൂടുവാനും വേണ്ടി വീണ്ടും വീട്ടില്‍ നിന്നിറങ്ങുകയായി, എത്രയും പ്രിയപ്പെട്ട കാലവര്‍ഷമേ, നിന്റെ കളികള്‍. കുസൃതികള്‍ ഇനി അവര്‍ക്കു വേണ്ടിയാകട്ടെ.

രാവിലെ കുഞ്ഞുങ്ങള്‍ സ്കൂളില്‍ പോകും നേരം നീ മറഞ്ഞിരിക്കുക. അവര്‍ നനയാതെ, അപകടങ്ങളില്‍ പെടാതെ, ചീറി പായുന്ന വണ്ടികള്‍ ചെളി തെറിപ്പിക്കാതെ, വെളിച്ചവും വഴിയോര കാഴ്ചകളും ആസ്വദിച്ച്‌ സ്കൂളിലെത്തട്ടെ. എന്നിട്ടു ഉത്സാഹത്തോടെ, ഉന്മേഷത്തോടെ, ഉണങ്ങിയ വസ്ത്രത്തോടെ അവര്‍ ക്ലാസ്സിലേക്കോടി കയറട്ടെ.

സ്കൂളിലെ ബെല്ലടി കേള്‍ക്കുമ്പോള്‍ നീ പെയ്തു തുടങ്ങിക്കോളൂ. കുട്ടികളുടെ കഥയ്ക്കും, പാട്ടിനും, ചിരിയ്ക്കും, കരച്ചിലിനും, വര്‍ത്തമാനം പറച്ചിലിനും, താരതമ്യം ചെയ്യലിനും, കൂട്ടുക്കൂടലിനും, വഴക്കിടലിനും, വലിയ ഇഷ്ടത്തിനും, കൊച്ചു അസൂയയ്ക്കും, കുസൃതിയ്ക്കും, വായനയ്ക്കും, എഴുത്തിനും, കൊച്ചു ചിന്തയ്ക്കും, ഹോം വര്‍ക്ക്‌ ചെയ്യാത്തതിനവരോടു കലഹിക്കുന്ന ഗുരുനാഥന്റെ ശബ്ദത്തിനും നീ നിന്റെ ആരോഹണാവരോഹണങ്ങളിലൂടെ പശ്ചാത്തല സംഗീതം ഒരുക്കുക.

ഉച്ചയൂണു സമയത്ത്‌ നീയും ഇടവേളയെടുക്കുക. നീ കുഴച്ച ചെളിയില്‍ കുട്ടികള്‍ പന്തു കളിക്കട്ടെ, പടങ്ങല്‍ വരയ്ക്കട്ടെ, അതെടുത്ത്‌ അപ്പം ചുടട്ടെ, കൊച്ചു ശില്‌പങ്ങള്‍ തീര്‍ക്കട്ടെ. നിന്‍ ദയയില്‍ പെയ്യുന്ന മരങ്ങളുടെ കീഴെ ചെന്നവര്‍ തങ്ങളുടെ കൊച്ചു കൈക്കുമ്പിളുകളില്‍ നിന്‍ തുള്ളികളേറ്റു വാങ്ങിക്കുടിച്ചും പരസ്പരമെറിഞ്ഞും സന്തോഷിക്കട്ടെ. നീ തഴുകി ഭംഗിക്കൂട്ടിയ ഇലകളുടെ ഹരിത നിറം കണ്‍കുളിര്‍ക്കേ കണ്ടവര്‍ ആനന്ദിക്കട്ടെ.

ഉച്ചയ്ക്കു ശേഷം നീ മനോഹരമായി ആടിയാടി പെയ്യുക. ബോര്‍ഡില്‍ ഉറയ്ക്കാത്ത ഇളം കണ്ണുകള്‍ ജനാലക്കമ്പികള്‍ക്കിടയിലൂടെ നിന്നെ നോക്കി രസിക്കട്ടെ. ലാസ്റ്റ്‌ ബെഞ്ചിനുമേല്‍ തലചായ്ചുറങ്ങാന്‍ തയ്യാറെടുക്കുന്നവര്‍ക്ക്‌ നീ മാഷറിയാതെ താരാട്ടു പാടിക്കൊടുക്കുക. അവസാന പീരിയഡാവുമ്പോള്‍ ചില കുട്ടികളില്‍ തിരിച്ചു വീട്ടില്‍ പോകുന്ന വഴി ഉടുപ്പില്‍ ചെളി തെറിക്കുമോയെന്ന ആകാംക്ഷയും മറ്റു ചിലരില്‍ റോഡില്‍ ഇറങ്ങി നനഞ്ഞുക്കുതിര്‍ന്നു കുസൃതി കാണിക്കാനുള്ള വെമ്പലും നീ ജനിപ്പിക്കുക.

സ്കൂള്‍ വിട്ടുക്കഴിഞ്ഞു അവര്‍ വീടെത്തും വരെ നീ ചാറ്റലായി പെയ്തു കുളിരേകുക. അവരുടെ നിവര്‍ത്തിപ്പിദിച്ച കുടകള്‍ക്കു മീതേ നീ താളത്തില്‍ കൊട്ടുക. അല്ലെങ്കില്‍ വേണ്ട. നനയാന്‍ കഠിനമായി ആഗ്രഹിക്കുന്ന പിള്ളേര്‍ക്കു വേണ്ടി നീ കുറച്ചു നന്നായി തന്നെ പെയ്തോളൂ. അവരെ കണ്ടാല്‍ നീ തിരിച്ചറിയില്ലേ? ബാഗിനുള്ളില്‍ സുരക്ഷിതമായി കുട ഒളിപ്പിച്ചു വയ്ക്കുന്നവര്‍, കുടക്കമ്പിയിലെ പിടി ഇടയ്ക്കിടെ ഒന്നുമറിഞ്ഞില്ലെന്ന ഭാവത്തില്‍ വിടുന്നവര്‍, വീട്ടിലേക്കുള്ള എറ്റവും നീളം കൂടിയ വഴിയിലൂടെ സൈക്കിളോടിക്കുന്നവര്‍, റോഡിലെ കുണ്ടുകളില്‍ നിറഞ്ഞ വെള്ളം ചാടി തെറിപ്പിക്കുന്നവര്‍, മേല്‍ക്കൂരകളെ ഇടംക്കണ്ണിട്ടു നോക്കി കണ്ടില്ലെന്ന ഭാവത്തില്‍ ഓട്ടം തുടരുന്നവര്‍ ...

കുട്ടികള്‍ വീട്ടിലെത്തി കഴിഞ്ഞാല്‍ നീ ശക്തിയായി പെയ്തു തുടങ്ങൂ. വാതിലിനരികില്‍ ആകാംക്ഷയൊടെ കാത്തു നില്‍ക്കുന്നമ്മയെ ഓടി ചെന്നു കെട്ടിപ്പിദിക്കുമ്പോള്‍, വസ്ത്രങ്ങള്‍ ഊരിക്കളഞ്ഞു അമ്മയുടെ തോര്‍ത്തിനടിയില്‍ നിന്നു വിറയ്ക്കുമ്പോള്‍, അമ്മ നീട്ടുന്ന ചൂടു പാലു വാങ്ങി കുടിക്കുമ്പോള്‍, സ്കൂളിലെ വിശേഷങ്ങള്‍ അമ്മയോടു വാ തോരാതെ വിസ്തരിക്കുമ്പോള്‍ അവരുടെ ചുറുചുറുക്കിനും ചൊടിക്കും നീ ദ്രുതത്താളത്തില്‍ ഈണം നല്‍കുക. അവര്‍ വീടിനുള്ളില്‍ അനുഭവിക്കുന്ന സന്തോഷത്തിനും, സുരക്ഷിതത്ത്വത്തിനും, warmthനും തകര്‍ത്തു പെയ്തു നീ ആക്കം കൂട്ടുക.

പിന്നെ അവര്‍ക്കു കളിക്കാനായി നീ വീണ്ടും ഒഴിഞ്ഞു നില്‍ക്കണം. അയല്‍പ്പക്കത്തെ കൂട്ടുകാരോടവര്‍ക്കെന്തൊക്കെ പറയാനുണ്ടാവും? ക്രിക്കറ്റ്‌ ബാറ്റും ഫുട്ബോളും ഷട്ടില്‍ കോര്‍ക്കുമെല്ലാം അവരെ കാത്തല്ലേ ദിവസം മുഴുവന്‍ തള്ളി നീക്കിയത്‌? അമ്മമാരുടെ വാക്കു ധിക്കരിച്ചു കളിക്കാനിറങ്ങുന്നതല്ലേ ഒരു പുതുപ്പുത്തന്‍ തലമുറയുടെ ആദ്യ വിപ്ലവം? നീ ഇടയ്ക്കിടെ ചാറി അവരെ പിന്തിരിപ്പിക്കാന്‍ നോക്കി പരാജയ സുഖമനുഭവിക്കുക. കളിക്കളത്തില്‍ നീ തീര്‍ത്ത പ്രതിബന്ധങ്ങളെ അവര്‍ മറി കടക്കുന്നതു കണ്ടാഹ്ലാദിക്കുക.

സന്ധ്യയ്ക്കു നീ ഇടിമുഴക്കത്തോടെയും മിന്നല്‍പ്രഭയോദെയും പെയ്യുക. അങ്ങിനെ നീ സീരിയലുകളില്‍ നിന്നും അമ്മമാരെ അദര്‍ത്തുവിന്‍. അച്ചന്മാരുടെ ബാറിലേക്കുള്ള പോക്കിനു തടസ്സം നില്‍ക്കുവിന്‍. അവര്‍ മക്കളോടൊപ്പം കഥകള്‍ പങ്കിടട്ടെ, കളിക്കട്ടെ, പഠിക്കട്ടെ, പാടട്ടെ, ആടട്ടെ, ചിരിക്കട്ടെ, നിന്നെ ആസ്വദിക്കട്ടെ. കുഞ്ഞുങ്ങളുടെ കൊച്ചു കൊച്ചു പേടികളും നൊമ്പരങ്ങളും മാറ്റുന്നതില്‍ മുഴുകി അവര്‍ സ്വന്തം ഭയങ്ങളും സങ്കടങ്ങളും മറക്കട്ടെ, അവരുടെ ബാല്യക്കാലവും അതിലെയും കഥാപാത്രമായ നിന്നെയും സ്മരിച്ചു ഗൃഹാതുരത്വം അനുഭവിക്കട്ടെ.

രാത്രി മുഴുവന്‍ നീ സ്വസ്ഥമായി ഒരു മെലഡിയുടെ ഈണത്തില്‍ പെയ്യുക. പൈതങ്ങള്‍ അമ്മയുടെ മടിയിലൊ, അച്ഛന്റെ മാറത്തൊ, അല്ലെങ്കില്‍ സഹോദരങ്ങളോടൊട്ടിയൊ, അതുമല്ലെങ്കില്‍ കുറഞ്ഞതൊരു കമ്പിളിയ്ക്കു കീഴിലൊ സുഖമായി കിടന്നുറങ്ങട്ടെ. അവരുടെ കൊച്ചു സ്വപ്നങ്ങള്‍ക്കു നീ സംഗീതത്തിന്‍ സൌന്ദര്യം നല്‍കുക. രാവിലെ അവര്‍ നിന്റെ കുളിരില്‍ ചുരുണ്ടു കിടന്നു, കണ്ണും പൂട്ടി, എഴുന്നേല്‍ക്കാന്‍ മടി കാണിക്കുകയും അമ്മമാര്‍ സൂത്രപ്പണികളിലൂടെയും ശകാരത്തിലൂടെയും അവരെ ഉനര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യട്ടെ. അമ്മയുടെ ചുടു ചുടു ദോശകള്‍, അപ്പങ്ങള്‍, പുട്ടുക്കുറ്റികള്‍ ഒക്കെ തിന്നുക്കൊണ്ടവര്‍ നീ കാര്‍മേഘങ്ങളിലൂടെ നടത്തുന്ന വെല്ലുവിളി സ്വീകരിച്ചുക്കൊണ്ടു സ്കൂളില്‍ പോകാനൊരുങ്ങട്ടെ.

അല്ല. നിന്നെ ഉപദേശിച്ചിട്ടെന്തു കാര്യം? സര്‍വ്വംസഹയായ ഒരമ്മയുടെ ഒരിക്കലും കുസൃതി വിട്ടു മാറാത്ത മകനല്ലേ നീയ്‌. നിന്റെ കുസൃതികളുടെ ഒരാരാധകനല്ലേ സത്യത്തില്‍ ഈ ഞാനും? അല്ലെങ്കിലും നീയെപ്പോള്‍ എങ്ങിനെ പെയ്യണമെന്നുപ്പറയാന്‍ ഈ ഞാനാരുവ്വാ?

7 Comments:

 • At 8:25 AM, Blogger Kuttyedathi said…

  ഉവ്വുവ്വാ.. പറഞ്ഞതൊക്കെ അനുസരിച്ചതു തന്നെ. ഇത്രക്കും അനുസരണായില്ലാത്ത , കുരുത്തം കെട്ട ഒരു തെമ്മാടി ചെക്കന്‍ വേറെയില്ല. രാവിലെ മുഴുവന്‍ വിട്ടു നിന്നാലും, കുഞ്ഞുങ്ങള്‍ സ്കൂളില്‍ പോകാനിറങ്ങുമ്പോ അവനൊന്നൂടെ തകര്‍ത്തു പെയ്തു കളയും. പെണ്‍കുട്ടികള്‍ നനഞ്ഞൊലിച്ച പാവടയുടെ അറ്റം പൊക്കി പിഴിയുന്ന കാണാന്‍, എന്നിട്ടും ഉണങ്ങാത്ത നനഞ്ഞ പാവാടയുമായി തണുത്തു വിറച്ചു ബെഞ്ചിലിരിക്കണ കാണാന്‍. കുടയായ കുടയെല്ലാം ക്ലാസ്സില്‍ തലങ്ങും വിലങ്ങും നിവര്‍ത്തി വച്ചിരിക്കുമ്പോ ഒന്നു ക്ലാസ്സിലേക്കു കേറി വരാന്‍ റ്റീച്ചര്‍മാര്‍ കഷ്ടപ്പെടുന്ന കാണാന്‍..

  ചുമ്മാ... ഇങ്ങനെയൊക്കെ പറഞ്ഞാലും, മഴയത്തു കുടയൊക്കെ പിടിച്ച്‌, അല്‍പസ്വല്‍പം നനഞ്ഞ്‌, പാട്ടൊക്കെ പാടി, നടക്കാന്‍ നമുക്കൊക്കെ പെരുത്തിഷ്ടാന്ന് ആ കള്ളനറിയാമെന്നേ..

   
 • At 12:31 PM, Anonymous Anonymous said…

  ആ തകര്‍ത്തു പെയ്യുന്ന കുട്ടിക്കുറുംബനെ എനിക്കു ഒത്തിരി ഇഷ്ടമാണല്ലോ...
  ഒരു ദിവസം മഴ പെയ്തപ്പോള്‍ ഞാന്‍ സ്കൂളില്‍ നിന്നു നിര്‍ത്താണ്ടു ഓടിച്ചു വന്നു..എല്ലാ കെട്ടിക്കിടന്ന വെള്ളതിന്റെ മുകളിലൂടേയും ശറ്....എന്നു വെള്ളം ചീറ്റിപ്പിച്ചു...അങ്ങിനെ ഒരു അരമണിക്കൂര്‍ സൈക്കിളില്‍....
  അന്നു വീട്ടില്‍ കേറി വന്ന എന്നെ..അമ്മ പൊതിരെ തല്ലി.കുറുംബു കാണിച്ചതിനു..പനി പിടിപ്പിക്കാന്‍ നോക്കണതിനു...എനിട്ട് സൈക്കിള്‍ എടുത്തു സ്റ്റോര്‍ റുമില്‍ പൂട്ടി വെച്ചു...

   
 • At 5:02 PM, Blogger വിശ്വപ്രഭ viswaprabha said…

  പരീക്ഷണം.

  വിജയിച്ചാല്‍ പിന്മൊഴിവാതില്‍ തുറന്നുതന്നെയിരിക്കുന്നു എന്നര്‍ത്ഥം.
  എന്നിട്ടും നീയെന്തേ മൊഴിഞ്ഞില്ലല്ലോ...

  വിജയിച്ചില്ലെങ്കില്‍, ആ വാതില്‍ ഇപ്പോഴും തുറന്നിട്ടില്ലെന്ന്‌!
  ആഹാ.. അത്രയ്ക്കായോ!
  ദീപക്,ഈ പരീക്ഷണം വിജയിച്ചാലും ഇല്ലെങ്കിലും ഞാന്‍ തല്ലും!

  എന്താ ഇത്ര മടി? എവിടെ പോയി? എത്ര നാളായി ഈ വഴി വന്നിട്ട്?

  ഇതു ശരിയാവില്ലാട്ടോ!

  ഇബ്ടെ വാ..!

   
 • At 8:00 PM, Blogger nalan::നളന്‍ said…

  നീ ഇടയ്ക്കിടെ ചാറി അവരെ പിന്തിരിപ്പിക്കാന്‍ നോക്കി പരാജയ സുഖമനുഭവിക്കുക.
  അപ്പറഞ്ഞതാണേറ്റവും ഇഷ്ടപ്പെട്ടത്.

  കൂടെ ചേര്‍ത്തോട്ടെ
  നിന്റെ താണ്ടവത്തില്‍ വൈദ്യുതിക്കമ്പികള്‍ നിലം പതിക്കട്ടെ.
  ഒരിക്കലും ഓഫാവാത്ത റ്റീവിയും കമ്പ്യൂട്ടറും ശ്വാസം വീണ്ടെടുക്കട്ടെ.
  മെഴുകുതിരിവെട്ടത്തില്‍ നഷ്ടപ്പെട്ട സംഭാഷണങ്ങള്‍ തിരിച്ചുവരട്ടെ.
  കുട്ടികള്‍ക്കു അച്ചനേയും അമ്മയേയും തിരിച്ചു കിട്ടട്ടെ.

   
 • At 8:32 PM, Blogger nalan::നളന്‍ said…

  കമന്റില്‍ അച്ചരപിശാചു ര്‍ണ്ടുമൂന്നിടത്തു മനപ്പൂര്‍വ്വാമല്ലാതെ കയറിക്കൂടിയെങ്കിലും ഒരിടത്തെങ്കിലും ഒരു ന്യായീകരണത്തിനുള്ള വകുപ്പു കാണുന്നു :)

   
 • At 11:11 AM, Anonymous Anonymous said…

  paranjathokke aa mazha kelkkumennu thonnunnundo mashe ?


  ammu

   
 • At 11:12 AM, Anonymous Anonymous said…

  paryunnayaalkkum valare nalla anusarana aanallo alle?
  ammu

   

Post a Comment

Links to this post:

Create a Link

<< Home